സാമ്പത്തികം
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്!, പുതിയ രണ്ടുമാറ്റങ്ങള്‍ പ്രാബല്യത്തില്‍
ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം നിലവില്‍ വന്നു. ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്കുകളില്‍ നിന്ന് ഉപഭോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഒരു വ്യവസ്ഥ. കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ ( ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍) ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്കുകളുമായി സഹകരിച്ച് കാര്‍ഡുകള്‍ അവതരിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ചട്ടം.
നിലവില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്‍ഡാണ് ലഭിക്കുക. അതായത് കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ നിശ്ചയിച്ച നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരുടെ കാര്‍ഡുകളാണ് ലഭിക്കുക എന്ന് സാരം. പകരം ഏത് നെറ്റ് വര്‍ക്ക് പ്രൊവൈഡറുടെ കാര്‍ഡ് വേണമെന്ന് ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ വ്യവസ്ഥ.
ഇതിനായി ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരുമായി ധാരണയിലെത്തണം. അര്‍ഹതപ്പെട്ട ഉപഭോക്താവിന് ഇഷ്ടമുള്ള കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കാര്‍ഡ് ഇഷ്യു ചെയ്യുന്ന സമയത്തോ കാര്‍ഡ് പുതുക്കുന്ന സമയത്തോ അര്‍ഹതപ്പെട്ട ഉപഭോക്താവിന് അവരുടെ ഇഷ്ടാനുസരമുള്ള കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് ആര്‍ബിഐയുടെ പുതിയ ഓപ്ഷന്‍. ജൂലൈ മാസമാണ് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതാണ് ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വന്നത്. വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിവയാണ് രാജ്യത്തെ പ്രധാന കാര്‍ഡ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാര്‍.