ആരോഗ്യം
കേരളത്തിലും പുതിയ കോവിഡ് വകഭേദം; 6 കേസുകൾ റിപ്പോർട്ട് ചെയ്തു.
ബ്രിട്ടണിൽ നിന്നുളള അതിതീവ്രതയുളള വൈറസ് കേരളത്തിലും സ്ഥീരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
സംസ്ഥാനത്ത് ബ്രിട്ടണിൽ നിന്നെത്തിയ 6 പേരിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ട് പേർക്കും ആലപ്പുഴയിലെ ഒരു കുടുംബത്തിലെ രണ്ട് പേർക്കും കോട്ടയത്തും കണ്ണൂരും ഓരോ ആൾക്ക് വീതവും ആണ് പുതിയ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രിട്ടണില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം ആദ്യത്തെ സാമ്പിളുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ തീവ്ര വൈറസ് കണ്ടെത്തിയിരുന്നില്ല.
ആറ് സാമ്പിളുകളുടെ ഫലം ആണ് ആദ്യം പുറത്ത് വന്നിരുന്നത്. പത്തനംതിട്ടയില്‍ നിന്നുളള 3 സാമ്പിളുകളുടേയും എറണാകുളത്ത് നിന്നുളള 2 സാമ്പിളുകളുടേയും കോഴിക്കോട് നിന്നുളള ഒരു സാമ്പിളിന്റെയും ഫലം ആണ് ആദ്യം പുറത്ത് വന്നത്. ഇതില്‍ തീവ്രവൈറസിന്റെ സാന്നിധ്യം കണ്ടെത്താത്തത് കേരളത്തിന് ആശ്വാസമായിരുന്നു.
ജനിതക മാറ്റം വന്ന കൊവിഡിന്റെ സാന്നിധ്യത്തില്‍ രാജ്യം ആശങ്കയിലാണ്. ഇതിനകം 38 പേരിലാണ് രാജ്യത്ത് പുതിയ തീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രോഗികളുടെ കൂട്ടത്തില്‍ 2 വയസ്സുളള കുട്ടി അടക്കമുണ്ട്. ഇന്ന് പുതിയതായി 9 പേരിലാണ് രാജ്യത്ത് പുതിയ കൊവിഡ് കണ്ടെത്തിയത്.
ദില്ലിയില്‍ ആണ് പുതിയ വൈറസ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം കൂടുതല്‍. ബ്രിട്ടണില്‍ നിന്നെത്തിയ 11 പേരിലാണ് ദില്ലിയില്‍ പുതിയ വൈറസ് സ്ഥിരീകരിച്ചത്.