രാജ്യാന്തരം
കൊവിഡ് എക്സ് ഇ: പുതിയ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളത്; മുന്നറിപ്പുമായി ലോകാരോഗ്യസംഘടന
ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പുതിയ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. എക്സ് ഇ എന്നാണ് ഈ വകഭേദത്തിന്റെ പേര്. ഒമിക്രോണിന്റെ തന്നെ പുതിയൊരു വകഭേദമാണ് എക്സ് ഇ. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞ ബിഎ.2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി കൂടുതലാണ് എക്സ് ഇയ്ക്ക്.
ഈ പുതിയ ഗവേഷണത്തില്‍ ഏറ്റവും കൂടുതല്‍ പകരുന്ന കൊവിഡ് 19 മ്യൂട്ടന്റ് ആകും ‘എക്സ് ഇ’ (XE) എന്നും ലോകാരോ?ഗ്യ സംഘടന പറയുന്നു. അതേസമയം, ഒമിക്രോണിന്റെ ബിഎ2 ഉപ-വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിക്കുന്നു. ഒമിക്രോണിന്റെ BA1, BA2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് പുതിയ വേരിയന്റ്, XE.
ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ് ഇ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബ്രിട്ടന്റെ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 637 പേരില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം വിവിധ രാജ്യങ്ങളില്‍ ബിഎ.2 വകഭേദം പടരുകയാണ്. ബ്രിട്ടനു പുറമേ അമേരിക്കയിലും ചൈനയിലും കോവിഡ് കേസുകള്‍ കുത്തനെ കൂടി. ചൈനയില്‍ മാര്‍ച്ചില്‍ ഏകദേശം 1,04,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയുള്ള കേസുകളില്‍ 90 ശതമാനവും ഷാങ്ഹായ്, വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയിലാണ് കണ്ടെത്തിയത്.