ഇലക്ഷൻ 2024
കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും; എല്ലാ പാർട്ടി പ്രവർത്തകരും പങ്കെടുക്കണമെന്ന് ആഹ്വാനം
സംസ്ഥാനത്ത് ബൂത്ത് പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. വൈകിട്ട് ആറ് മണിയോടെയാകും ഓഡിയോ കോൺഫറൻസിലൂടെ സംവദിക്കുക.
എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണവും നിർത്തിവച്ച് സ്ഥാനാർത്ഥി ഉൾപ്പെടെ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം.
പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ബൂത്ത് ഇൻചാർജ് മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 25000 ബൂത്തുകളിലെയും പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രവർത്തകർ ഒരുമിച്ചിരുന്ന് ശ്രവിക്കുന്ന സ്ഥലങ്ങളിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
അതേസമയം തമിഴ്‌നാട്ടിലെ എൻഡിഎ സ്ഥാനാർത്ഥികളുമായും ബിജെപി പ്രവർത്തകരുമായും സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമോ ആപ്പിലൂടെ വൈകിട്ട് അഞ്ചിന് നടന്ന ‘എനത് ബൂത്ത് വലിമയാന ബൂത്ത്’ എന്ന സെഷനിലാണ് പ്രധാനമന്ത്രി പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും പകർന്നത്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരായ ജനരോഷം ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്ന് അദ്ദേഹം സെഷനിൽ പറഞ്ഞു.