കേരളം
നന്ദു ശിവാനന്ദനെ കൊലപ്പെടുത്തിയ കേസ്; ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡിന്റ് അറസ്റ്റിൽ
കൊലക്കേസിൽ ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡിന്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ച കേസിലാണ് ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖല പ്രസിഡന്റ് ജഗത് സൂര്യനടക്കം അഞ്ചുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തോട്ടപ്പള്ളി ആനന്ദ ഭവനിൽ 27 കാരനായ നന്ദു ശിവാനന്ദാണ് മരിച്ചത്. തോട്ടപ്പള്ളി കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് നന്ദു ശിവാനന്ദുമായി മുൻ വൈരാഗ്യത്തിന്റെ പേരിൽ സംഘർഷം നടന്നിരുന്നു.ഇതിനു ശേഷം മടങ്ങിപ്പോയ ജഗത് സൂര്യൻ അടക്കം അഞ്ചംഗ സംഘം മാത്തേരി ആശുപത്രിക്ക് മുന്നിൽ വെച്ച് നന്ദു ശിവാനന്ദിനെ ആക്രമിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ ഏരിയാ നേതാവ് ജഗത് ഹെൽമറ്റ് കൊണ്ട് നന്ദു ശിവാനന്ദിന്റെ തലക്കടിച്ചു എന്നാണ് പോലീസിന് ലഭിച്ച മൊഴി. ജഗത് സൂര്യനെ കൂടാതെ അർജുൻ, ഇന്ദ്രജിത്ത്, സഹോദരങ്ങളായ സജിത്, സജി എന്നിവരെ അമ്പലപ്പുഴ പോലീസ് അറസ്റ്റു ചെയ്തു. തലക്ക് ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച നന്ദു ശിവാനന്ദിനെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.