കേരളം
മൈലപ്ര കൊലപാതകം; നാലാമനും പിടിയിൽ; പ്രതികളുടെ എണ്ണം കൂടും, സഹായിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്
മൈലപ്രയിൽ മോഷണ ശ്രമത്തിനിടെ വ്യാപാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രതികൾ കവർന്നെടുത്ത വ്യാപാരിയുടെ സ്വർണ്ണമാല പണയം വെയ്ക്കാൻ സഹായിച്ച ആളാണ് ഇപ്പോൾ കസ്റ്റഡിയിൽ ആയിരിക്കുന്നത്. കൊലപാതകത്തിൽ സഹായിച്ചവരെയും കസ്റ്റഡിയിലെടുക്കുമെന്നും പ്രതികളുടെ എണ്ണം കൂടുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ട് പേരും പത്തനംതിട്ട സ്വദേശിയായ ഒരാളും പിടിയിലായിരുന്നു. നിലവിൽ പിടിയിലായ മൂന്ന് പ്രതികളെ സഹായിച്ചവരെ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാമന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഹാരിബ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ്. കൊലപാതകം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാകുന്നത്. മുഖ്യപ്രതികളായ മുരുകന്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവർ ക്രിമിനലുകളാണ്. ഇരുവരേയും എ ആര്‍ ക്യാമ്പില്‍ ചോദ്യം ചെയ്കുയാണ്.
കുലശേഖരപതി സ്വദേശി ഹാരിബാണ് മറ്റൊരു പ്രതി. വ്യാപാരിയായ ജോർജ്ജ് ഉണ്ണുണ്ണിയെ കൊലപ്പെടുത്തി ഒൻപത് പവന്‍റെ മാലയും പണവും പ്രതികൾ കവർന്നു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നഗരത്തിൽ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. മറ്റൊരു കേസില്‍ ഉൾപ്പെട്ട് ജയില്‍ കഴിയവേയാണ് ഓട്ടോ ഡ്രൈവറായ ഹാരിബ്- സുബ്രഹ്മണ്യനെയും മുരുകനെയും പരിചയപ്പെടുന്നത്.
തുടർന്ന് മൂവരും ഗൂഡാലോചന നടത്തിയാണ് മൈലപ്രയിലെ 70 കാരനെ കൊലപ്പെടുത്തി സ്വർണ്ണവും പണവും അപഹരിച്ചതെന്ന് പൊലീസ് പറയുന്നു. കടയിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക്ക് എടുത്തുമാറ്റി വമ്പൻ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൃത്യം നടത്തിയത്. തുടക്കത്തിൽ പൊലീസ് ഇരുട്ടിൽ തപ്പിയെങ്കിലും നഗരത്തിലെ തന്നെ താമസക്കാരനായ ഓട്ടോ ഡ്രൈവർ ഹാരിബിനെ കിട്ടിയതോടെ വേഗം മുഖ്യപ്രതികളിലേക്ക് എത്താനായി.