ആരോഗ്യം
ചെറുപ്പക്കാരില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ക്യാൻസര്‍…
യുവാക്കളില്‍ ആരോഗ്യപ്രശ്നങ്ങളും വിവിധ രോഗങ്ങളുമെല്ലാം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് ആരോഗ്യവിദഗ്ധരും ഈ മേഖലയില്‍ പഠനം നടത്തുന്നവരുമെല്ലാം ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. വലിയൊരളവ് വരെ മോശം ജീവിതരീതികളും, സ്ട്രെസുമാണ് ഇത്തരത്തില്‍ യുവാക്കളില്‍ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വര്‍ധിപ്പിക്കുന്നത്.
ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ട് കൂടി ശ്രദ്ധ നേടുകയാണ്. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ജമാ നെറ്റ്‍വര്‍ക്ക് ഓപ്പണി’ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. അടുത്ത കാലങ്ങളിലായി ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാൻസര്‍ കേസുകള്‍ വര്‍ധിക്കുന്നു എന്നതാണ് പഠനം നടത്തുന്ന സുപ്രധാന നിരീക്ഷണം.
അമ്പത് വയസിന് താഴെയുള്ളവര്‍ക്കിടയിലെ ക്യാൻസര്‍ തോത് ആണ് പഠനം വിലയിരുത്തിയിട്ടുള്ളത്. 2010 മുതല്‍ 2019 വരെ നീണ്ടയൊരു പഠനമായിരുന്നു ഇത്. സ്തനാര്‍ബുദവും വയറിന്‍റെ പല ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളും ആണത്രേ ഏറ്റവും കൂടിയിരിക്കുന്നത്.
പഠനം പറയുന്നത് പ്രകാരം പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് അടുത്ത വര്‍ഷങ്ങളില്‍ അധികം ക്യാൻസര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ തന്നെ യുവാക്കളില്‍ ക്യാൻസര്‍ നിര്‍ണയവും കൂടിയതായി പഠനം പറയുന്നു. അതേസമയം അമ്പതോ അതിലധികോ പ്രായമുള്ളവരിലെ ക്യാൻസര്‍ നിര്‍ണയത്തിന്‍റെ തോത് താഴ്ന്നതായും പഠനം വിശദീകരിക്കുന്നു.
ക്യാൻസറിന്‍റെ കാര്യത്തില്‍ സമയബന്ധിതമായി രോഗം കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. എത്രയും നേരത്തെ കണ്ടെത്താൻ സാധിച്ചാല്‍ അത്രയും ഫലപ്രദമായിരിക്കും ചികിത്സ. വൈകി കണ്ടെത്തുംതോറും ചികിത്സയിലെ സങ്കീര്‍ണതകളും കൂടിവരും.
ക്യാൻസര്‍ കേസുകള്‍ വര്‍ധിക്കുന്ന വിഷയത്തില്‍ ആളുകളുടെ നാട്, വംശം, ലിംഗവ്യത്യാസം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം പ്രവര്‍ത്തിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കറുത്ത വിഭാഗക്കാര്‍ക്കിടയില്‍ ക്യാൻസര്‍ കേസുകള്‍ കുറഞ്ഞതായും, ഏഷ്യൻ രാജ്യങ്ങളില്‍ അടക്കം പലയിടങ്ങളിലും കേസുകള്‍ കൂടി വരുന്നതായുമെല്ലാം പഠനം ഇതിനെയുദാഹരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നു.