കേരളം
മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
മോഹനന്‍ വൈദ്യര്‍ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണുള്ളത്. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യർ.
കൊവിഡ് ചികിത്സിച്ച് മാറ്റുമെന്ന മോഹനൻ വൈദ്യർ അവകാശപ്പെടുകയും വ്യാജ ചികിത്സ നൽകുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്ന തൃശൂരിലെ പരിശോധനാ/ചികിത്സാ കേന്ദ്രത്തിൽ റെയ്ഡ് നടക്കുകയും വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനം വാർത്തകളിൽ നിറഞ്ഞത്.
വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനൻ വൈദ്യർ വിമർശിക്കപ്പെട്ടിരുന്നു. ആധുനിക ചികിത്സയ്ക്കെതിരെ നിരവധി തവണ മോഹനൻ വൈദ്യർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്. വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിന് ചികിത്സ നടത്തിയതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു.
വൈറസിനെതിരെ ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ ചികിത്സയ്ക്ക് വിധേയമാകണമെന്നുമായിരുന്നു മോഹനൻ വൈദ്യർ വാദിച്ചത്.നിപ്പാ വൈറസിനെ വെല്ലുവിളിച്ച് വവ്വാല്‍ കടിച്ചതെന്ന് പറയുന്ന മാങ്ങ കഴിച്ചും മഞ്ഞപ്പിത്തം ബാധിച്ച വ്യക്തിയുടെ രക്തം കുടിച്ച സംഭവവുമെല്ലാം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കൊവിഡ് 19 രോഗബാധയ്ക്ക് വ്യാജചികിത്സ നടത്തിയ സംഭവത്തിലും മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 രോഗം അടക്കം ഏതു രോഗവും ചികിത്സിച്ച ഭേദമാക്കാമെന്നായിരുന്നു മോഹൻ വൈദ്യരുടെ വാഗ്ദാനം
കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. ആലപ്പുഴ സ്വദേശിയാണ്.