ദേശീയം
‘മോദിയെയും അമിത് ഷായെയും വധിക്കും’: ഡല്‍ഹി പൊലീസിന് ഭീഷണി കോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ്. മൂവരെയും വധിക്കുമെന്ന് രണ്ട് ഫോണ്‍ കോള്‍ വന്നെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് രാവിലെ 10.46നും 10.54നുമാണ് കോള്‍ വന്നത്. ആദ്യത്തെ തവണ 10 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിക്കുമെന്നും പറഞ്ഞു. രണ്ടാമത് വിളിച്ച് 2 കോടി രൂപ നല്‍കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര സിങ് പറഞ്ഞു.
ഡൽഹിയിലെ പശ്ചിം വിഹാര്‍ മേഖലയില്‍ നിന്നാണ് കോള്‍ വന്നതെന്ന് പൊലീസ് പറഞ്ഞു. സുധീര്‍ എന്നയാളുടെ വീട്ടിലാണ് അന്വേഷണം ചെന്നെത്തിയത്. ഇയാള്‍ മദ്യപിച്ചതിന് ശേഷമാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു. സുധീറിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.