രാജ്യാന്തരം
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ വേഗത്തിൽ ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്പ്
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കി.
ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോകോളോടെ നടന്ന ലളിതമായ ചടങ്ങില്‍ നിര്‍വഹിച്ചു.
‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീക്ഷണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സി.ജി.ഐ ജിദ്ദ (CGI Jeddah) എന്ന പേരില്‍ കോണ്‍സുലേറ്റ് ആപ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള വിശാലമായ ഇന്ത്യന്‍ സമൂഹത്തിനു കോണ്‍സുലേറ്റിന്റെ സേവനം പ്രാപ്തമാക്കുന്നതില്‍ ഈ ആപ്പ് വലിയ പങ്കുവഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആപ്പിന് ആശംസ നേര്‍ന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഈ ആപ്പ് ഏറെ പ്രയോജനകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.