Connect with us

Kerala

കോഴിക്കോടന്‍ ബിരിയാണി നല്‍കാനായിരുന്നു ആഗ്രഹം; അടുത്ത തവണ നോണ്‍ വെജ് നൽകും; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട് കലോത്സവത്തിനെത്തിയ കുഞ്ഞുങ്ങള്‍ക്ക് കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തില്‍ കുട്ടികള്‍ക്ക് നോണ്‍വെജ് വിളമ്പുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടമുള്ളവര്‍ക്ക് നോണ്‍ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏറെ ശ്രദ്ധേയമായി. കോവിഡ് മഹാമാരി നമ്മെ തളച്ചിട്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കലോത്സവം ഏറെ മികവോടെ സംഘടിപ്പിക്കാന്‍ നമുക്കായി. ഏറ്റവും അധികം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഈ നാടിനോടാണ്, കോഴിക്കോട്ടുകാരോടാണ്. ഹലുവ പോലെ മധുരമുള്ളതാണ് നിങ്ങളുടെ സ്‌നേഹമെന്ന് മന്ത്രി പറഞ്ഞു.

മാനാഞ്ചിറയിലെ വൈദ്യത അലങ്കാരം,മഹാനായ കഥാകരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് പ്രതിഭകള്‍ നടത്തിയ യാത്ര, കാരവനില്‍ മേയറൊടൊപ്പം പ്രതിഭകള്‍ കോഴിക്കോട് നഗരം ചുറ്റിക്കണ്ടത് എന്നിവയൊക്കെ പുതുമ നിറഞ്ഞതായിരുന്നു. ഒരു വേര്‍തിരിവും ഇല്ലാതെ ഒരുമിച്ച് നിന്നു എന്നതാണ് സംഘാടനത്തിന്റെ പ്രത്യേകത. അതിനായി ഓരോ അധ്യാപക സംഘടനകളും ആത്മാര്‍ത്ഥമായ പരിശ്രമം നടത്തി.

പതിനായിരക്കണക്കിന് പേരാണ് ഈ ദിവസങ്ങളില്‍ ഊട്ടുപുരയില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഒരുപക്ഷേ ഇത്രയും ദിവസം ഇത്രയും വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകാം.അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളെന്ന് ശിവന്‍കുട്ടി പറഞ്ഞു.

Advertisement