സാമ്പത്തികം
ഇന്നുമുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട കാര്യങ്ങൾ
ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്.
ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ. ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ക്ലിയറിങ് സേവനങ്ങൾ, ഡെബിറ്റ് റിട്ടേണുകൾ, തുടങ്ങിയ സേവനങ്ങളെ ബാധിക്കും. ഡെബിറ്റ് കാർഡ് വാർഷിക ഫീസ് 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയിൽ ഇത് പ്രതിവർഷം 99 രൂപയാണ്. ആദ്യത്തെ 25 ചെക്ക് ലീഫുകൾ എല്ലാ വർഷവും സൗജന്യമായി നൽകും. അതിനുശേഷം ഓരോന്നിനും 4 രൂപ ഈടാക്കും.
പുതുക്കിയ ഐഎംപിഎസ് നിരക്ക് അനുസരിച്ച് 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ.1,000 മുതൽ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ. 25,000 മുതൽ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപ. അക്കൗണ്ട് ക്ലോഷർ ചാർജ് ഈടാക്കില്ല. ഡെബിറ്റ് കാർഡ് റീജനറേഷൻ ചാർജും ഇല്ല.
യെസ് ബാങ്ക്: ഐസിഐസിഐ ബാങ്കിന് സമാനമായി യെസ് ബാങ്കും സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകൾ കൂട്ടി. ഇതും ഇന്ന് പ്രാബല്യത്തിൽ വരും. സേവിങ്‌സ് അക്കൗണ്ട് പ്രോ മാക്‌സ് അനുസരിച്ച് പ്രതിമാസ ശരാശരി ബാലൻസ് 50000 രൂപയാണ്. ഇതിന് ആയിരം രൂപ വരെ പരമാവധി ചാർജ് ആയി ഈടാക്കും. നേരത്തെ ഇത് 750 ആയിരുന്നു. 10,000ന് 750 രൂപയാണ് പരമാവധി ചുമത്തുക.
ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകൾ എന്നിവ അടയ്ക്കുന്നതിന് യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൂടുതൽ ചെലവേറിയതായിരിക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകൾക്കും 1 ശതമാനം നിരക്ക് ബാധകമാകും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ 15,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ അടയ്ക്കാൻ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, ജിഎസ്ടിയും 1 ശതമാനം നികുതിയും ചേർക്കും. എന്നാൽ, യെസ് ബാങ്ക് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകൾക്ക് ഈ അധിക ഫീസ് ഈടാക്കില്ല.
എച്ച്ഡിഎഫ്സി ബാങ്ക്: മുതിർന്ന പൗരന്മാർക്ക് മാത്രമുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി എച്ച്ഡിഎഫ്സി ബാങ്ക് നീട്ടി. ഈ പ്രത്യേക സീനിയർ സിറ്റിസൺ കെയർ എഫ്ഡി മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സീനിയർ സിറ്റിസൺ കെയർ എഫ്ഡി പ്ലാനിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി മേയ് 10 വരെയാണ് നീട്ടിയത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്: യൂട്ടിലിറ്റി ബില്ലുകൾക്കുള്ള മൊത്തം ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 1 ശതമാനം കൂടുതൽ തുകയും ജിഎസ്ടിയുടെ അധിക ചാർജും ഈടാക്കും. ഒരു സ്റ്റേറ്റ്മെന്റ് സൈക്കിളിൽ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ (ഗ്യാസ്, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയുൾപ്പെടെ) 20,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ അധിക നിരക്ക് ഈടാക്കില്ല. എന്നാൽ ഇത് 20,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സർചാർജിനൊപ്പം നിങ്ങൾക്ക് 18 ശതമാനം ജിഎസ്ടി അധികമായി നൽകേണ്ടിവരും. FIRST പ്രൈവറ്റ് ക്രെഡിറ്റ് കാർഡ്, LIC ക്ലാസിക് ക്രെഡിറ്റ് കാർഡ്, LIC സെലക്ട് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് ഈ അധിക നിരക്ക് ബാധകമല്ല.