കേരളം
മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി
മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
ബുധനാഴ്ച പന്തളത്തുനിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്രയിൽ അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും തിരക്കൊഴിവാക്കാനായി മാലയിട്ടുള്ള സ്വീകരണത്തിൽ ക്രമീകരണങ്ങൾ വരുത്താനും കൊട്ടാരത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. കോവിഡിന്റെ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഘോഷയാത്ര സംഘാംഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഘോഷയാത്രയ്ക്കൊപ്പം പോകുന്ന സ്വാമിമാർ അകലം പാലിച്ച് മുന്നിൽ നീങ്ങണം. അകലം പാലിച്ച് ഭക്ഷണത്തിലും വിശ്രമത്തിലുമെല്ലാം പങ്കുകൊള്ളണം.
തിരുവാഭരണപ്പെട്ടികൾ ക്ഷേത്രത്തിന് പുറത്തേക്കെടുക്കുന്ന സമയം മാലയിട്ടുള്ള സ്വീകരണത്തിന് വളരെ കുറച്ച് ആളുകളെ മാത്രം ഉൾപ്പെടുത്തുവാനാണ് തീരുമാനം. പകരം ബാക്കിയുള്ള ആളുകൾക്ക് പെട്ടികളിൽ പൂവിട്ട് തൊഴുന്നതിനുള്ള അവസരമൊരുക്കും. സമയബന്ധിതമായി ഘോഷയാത്ര സ്വീകരണ സ്ഥലങ്ങളിൽ എത്തുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം ഏർപ്പെടുത്തുന്നത്.
പന്തളം നഗരസഭ ഭാരവാഹികൾ മണികണ്ഠനാൽത്തറയ്ക്കു സമീപമാണ് സ്വീകരിക്കുന്നത്. ക്ഷേത്രത്തിൽനിന്ന് മണികണ്ഠനാൽത്തറ വരെയുള്ള വഴിയിലെ കടകളുടെ ഇറക്ക് അഴിച്ചുമാറ്റി യാത്ര സുഗമമാക്കും.പുലർച്ച നാലിന് തിരുവാഭരണങ്ങൾ ഗുരുസ്വാമിമാർ ചേർന്ന് ക്ഷേത്രത്തിലേക്ക് മാറ്റും. അഞ്ചുമുതൽ ക്ഷേത്രത്തിൽ ദർശന സൗകര്യമൊരുക്കും. ഇത്തവണ രാജപ്രതിനിധി ക്ഷേത്രത്തിൽനിന്നും ആദ്യം ഇറങ്ങി വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടിയെക്കണ്ട് അനുഗ്രഹം വാങ്ങും.
ഒരുമണിക്ക് ഘോഷയാത്ര പുറപ്പെട്ടാൽ രാജപ്രതിനിധി അതിനൊപ്പം ചേരും. വടശ്ശേരിക്കരയിലും ളാഹയിലും തിരുവാഭരണ പേടകവാഹകസംഘത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഘോഷയാത്രയ്ക്കൊപ്പം ശബരിമലയിലെത്തുന്ന സ്വാമിമാർക്ക് വടക്കേനടവഴി കയറി ദർശനത്തിന് സൗകര്യമൊരുക്കും. ഘോഷയാത്രയ്ക്കൊപ്പം ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യവും ഉണ്ടാകും.
യോഗത്തിൽ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി നാരായണ വർമ, രാജപ്രതിനിധി ശങ്കർ വർമ, ആർ.ഡി.ഒ. കെ.ചന്ദ്രശേഖരൻ നായർ, നോഡൽ ഓഫിസർ എം.കെ. അജികുമാർ, നഗരസഭ ചെയർ പേഴ്സൻ സുശീല സന്തോഷ്, കൗൺസിലർ പി.കെ.പുഷ്പലത, തിരുവാഭരണം സ്പെഷൽ കമീഷണർ എസ്.അജിത് കുമാർ, സ്പെഷൽ ഓഫിസർ കെ.സൈനുരാജ്, പൊലീസ് സ്പെഷൽ ഓഫിസർ പി.പി. സന്തോഷ്, തിരുവാഭരണ പേടക വാഹകസംഘം സ്വാമിമാരായ മരുതമന ശിവൻപിള്ള, കുളത്തിനാൽ ഉണ്ണികൃഷ്ണൻ, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ, പേടക വാഹകസംഘം ഗുരുസ്വാമി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.