കേരളം
സീബ്രലൈനിൽ നിന്ന വിദ്യാർത്ഥികളെ ബസിടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
വടകര മടപ്പള്ളി കോളജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത്. വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയ ഉടനെ ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി ഓടുന്നതും ദൃശ്യത്തിലുണ്ട്.
പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ മുറിച്ച് കടന്നത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല. വിദ്യാർത്ഥികളുടെ പരാതിയിൽ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെയാണ് സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്. മൂന്നുവിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരുക്കേറ്റത്. കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയത്.
സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ കുതിച്ചെത്തിയ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ മൂവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.