Connect with us

Kerala

‘മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിക്കളയാനാകില്ല’; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

Published

on


മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാവില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് തള്ളാനാകില്ല. സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍ രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനോടാണ് നിയമോപദേശം തേടിയിരുന്നത്. മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ ഏതെങ്കിലും എംഎല്‍എയെ മന്ത്രിയായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കുകയും ചെയ്താല്‍ ഗവര്‍ണര്‍ക്ക് അത് തള്ളിക്കളയാനാകില്ല.

പ്രസ്തുത എംഎല്‍എയെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമതടസ്സം ഉള്ളതായി തോന്നിയാല്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാം. ആ വിശദീകരണം കണക്കിലെടുത്തശേഷം, സത്യപ്രതിജ്ഞയ്ക്കുള്ള നടപടികള്‍ ഒരുക്കാന്‍ ഗവര്‍ണര്‍ നിയമപരമായി ബാധ്യസ്ഥനാണ് എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണര്‍ നാളെയാണ് സംസ്ഥാനത്ത് തിരിച്ചെത്തുക. ഇതിനുശേഷം സജി ചെറിയാന്‍ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിച്ചേക്കും. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറേറിയറ്റ് യോഗമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

ഈ മാസം നാലാം തീയതി (ബുധനാഴ്ച) സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്താനാണ് സിപിഎമ്മില്‍ ധാരണയായത്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.

Advertisement