Kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ ശക്തിപ്പെടുന്നു. എല്ലായിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മലയോരമേഖലകളിൽ താമസിക്കുന്നവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പാലിക്കണം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു. ഇന്ന് ബംഗ്ലാദേശ് തീരം തൊടും.
കേരള തീരത്തും (വിഴിഞ്ഞം മുതൽ കാസർകോട് വരെ) തെക്കൻ തമിഴ്‌നാട് തീരത്തും (കൊളച്ചൽ മുതൽ കിലക്കരൈ വരെ) ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക