കേരളം
വിദ്യാർത്ഥിനിയെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ കാണിച്ചു, കേരള ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിൽ
അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരൻ കോഴിക്കോട് അറസ്റ്റിൽ. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരൻ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.
ഡിസംബർ 19നായിരുന്നു സംഭവം. വളയം പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർന്ന് ദീപക് സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ദീപകിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം അങ്കമാലി പാറക്കടവിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ ഭർത്താവ് ഒളിവിൽ തുടരുകയാണ്. 38 വർഷം മുന്പ് വിവാഹം കഴിച്ച ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. കഴിഞ്ഞ ദിവസമാണ് ലളിതയെ ഭർത്താവ് ബാലൻ കൊന്നത്. മരപ്പണി ചെയ്തിരുന്ന ബാലൻ ഇരുപത് വർഷം മുന്പ് ലളിതയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
അക്കാലത്ത് ജയിലിൽ പോയതുമാണ്. തിരിച്ചുവന്ന ബാലനും ലളിതയും രണ്ടുമക്കളും പിന്നീട് ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ ദന്പതികൾ തമ്മിൽ വഴക്ക് തുടർന്നു. കഴിഞ്ഞ ദിവസം മകൻ പുറത്തുപോയ സമയത്താണ് ബാലൻ കഴുത്തിൽ തുണി മുറുക്കി ലളിതയെ കൊലപ്പെടുത്തിയത്.