കേരളം
മരിക്കാൻ അനുവദിക്കണം; ദയാവധ അപേക്ഷയുമായി കരുവന്നൂർ നിക്ഷേപകൻ
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂരിലെ നിക്ഷേപകന്‍ ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചു. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിനായി അപേക്ഷ നല്‍കിയത്.
‘കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ട് തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടി വന്നു.. കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല. കുടുംബത്തിലെ ചിലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണ്. പണം ചോദിച്ചു ചെല്ലുമ്പോള്‍ സിപിഎം നേതാക്കള്‍ പുലഭ്യം പറയുന്നു. തൊഴിലെടുത്തു ജീവിക്കാനുമാകുന്നില്ല. ഇനിയും യാചിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ ഈ മാസം 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണം.’
കരുവന്നൂര്‍ ബാങ്കില്‍ ജോഷിക്കും കുടുംബാംഗങ്ങള്‍ക്കും തൊണ്ണൂറ് ലക്ഷത്തിനടുത്ത് നിക്ഷേപമുണ്ടായിരുന്നു. ചികിത്സയ്ക്കും ജീവിത ചെലവിനുമായി തുക മുഴുവന്‍ വേണമെന്ന അപേക്ഷ ബാങ്ക് നിരസിച്ചെന്ന് ജോഷി. കുറച്ചു പണം പലപ്പോഴായി കിട്ടി. ബാങ്കിന്‍റെ കണക്കില്‍ എഴുപത് ലക്ഷത്തിലേറെ രൂപ ഇനിയും കിട്ടാനുണ്ട്. അപമാനവും പരിഹാസവും സഹിച്ചു തളര്‍ന്നെന്നും ജോഷി പറയുന്നു.