ദേശീയം
അര്‍ജുനായുള്ള തിരച്ചില്‍ ദുഷ്‌കരം; 7 പേരുടെ മൃതദേഹം കണ്ടെത്തി
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനടിയില്‍ ട്രക്കും ഒരു ബെന്‍സും ഉണ്ടെന്ന് ജിപിഎസിലൂടെ കണ്ടെത്തിയിട്ടുണ്ട്
രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാവുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍ഡിആര്‍എഫും പൊലീസും പുഴയിലെ തിരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചു.
നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്ററുകള്‍ വഴി മുങ്ങൽ വിദഗ്ധര്‍ പുഴയിലിറങ്ങും. കാര്‍വാര്‍ നാവികസേന ബേസ് കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം, രക്ഷാ പ്രവര്‍ത്തനത്തിന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ സംഭവം സ്ഥലത്തേക്ക് തിരിക്കും.
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അപകടസ്ഥലത്തുനിന്ന് ഒരു ട്രക്കും കാറും കണ്ടെടുത്തു.
അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ജിപിഎസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. മണ്ണ് നീക്കല്‍ വേഗത്തിലാക്കിയെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. ഏറ്റവും ഒടുവില്‍ റിങ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.