കേരളം
‘സ്റ്റേക്ക് മുൻപ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ല’, ഗവര്‍ണറുടെ നടപടി ചട്ടലംഘനമെന്ന് സിന്‍ഡിക്കേറ്റ്
പ്രിയ വർഗീസിന്റെ നിയമന നടപടികൾ സ്റ്റേ ചെയ്ത് ഗവർണറുടെ നടപടി ചട്ടലംഘനമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. സ്റ്റേ ചെയ്യും മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഗവര്‍ണറുടെ നടപടി സര്‍വ്വകലാശാലയുടെ സ്വയംഭരണത്തിന് എതിര്. പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന് റാങ്ക് പട്ടിക മരവിപ്പിച്ചത്.
1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവര്‍ണറുടെ നടപടി. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല ജൂലൈ 27 ന് ഇറക്കിയ വിജ്ഞാപനം മരവിപ്പിച്ചു. വിസി അടക്കമുള്ള ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. യുജിസി നിഷ്ക്കർഷിക്കുന്ന എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ല എന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് കടുത്ത നടപടി.
കൂടുതൽ അധ്യാപന പരിചയം ഉള്ളവരെയും കൂടുതൽ റിസർച്ച് സ്കോറുള്ളവരെയും തഴഞ്ഞ് അഭിമുഖത്തിനെത്തിയവരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോറുള്ള പ്രിയക്ക് അഭിമുഖത്തിൽ ഒന്നാം റാങ്ക് നൽകി എന്ന് വ്യക്തമാക്കുന്ന വിവരാവകാശ മറുപടിയും പരിഗണിച്ചാണ് ചാൻസിലര്‍ പട്ടിക മരവിപ്പിച്ചത്.