കേരളം
കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; പെട്രോൾ കുപ്പികൾ കണ്ടെത്തിയെന്ന വാർത്ത തള്ളി ഫോറൻസിക് വിഭാഗം
കാറിനു തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ വണ്ടിയിലുണ്ടായിരുന്നത് പെട്രോൾ അല്ലെന്ന് ബന്ധുക്കൾ. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയിൽ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛൻ പറഞ്ഞു. കാറിൽനിന്ന് രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന വാർത്ത ഫോറൻസിക് വിഭാഗവും തള്ളി.
രണ്ട് കുപ്പിയിൽ കുടിവെള്ളമുണ്ടായിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല എന്നാണ് റീഷയുടെ അച്ഛൻ കെ.കെ. വിശ്വനാഥൻ പറഞ്ഞു. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോൾ കുപ്പിയിൽ നിറച്ച് കാറിൽ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. രണ്ട് പെട്രോൾ കുപ്പികൾ കണ്ടെടുത്തുവെന്ന് ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ഫൊറൻസിക് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ കെ.കെ. റീഷ (26), ഭർത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് അപകടത്തിൽ മരിച്ചത്. കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽനിന്നാണ് തീ ഉയർന്നത്. ഉടൻ കാർ നിർത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു. പിൻസീറ്റിൽ ഇരുന്നവർ ഇറങ്ങിയെങ്കിലും മുന്നിലെ സീറ്റിലിരുന്ന റീഷയ്ക്കും പ്രജിത്തിനും ഇറങ്ങാൻ കഴിഞ്ഞില്ല.
പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും ശരീരത്തിലെ തൊലിയും പേശികളും പൂർണമായും കത്തിയിരുന്നു. എന്നാൽ ആന്തരികാവയവങ്ങളെ ബാധിച്ചില്ല. റീഷയുടെ വയറ്റിൽ പൂർണവളർച്ചയെത്തിയ കുഞ്ഞായിരുന്നു. കുഞ്ഞിനെ വേർപെടുത്താതെ അമ്മയോട് ചേർത്തുതന്നെയാണ് സംസ്കരിച്ചത്.