കേരളം
കളമശ്ശേരി സ്ഫോടനം; ‘അന്വേഷണം പ്രാഥമിക ഘട്ടത്തില്‍, കീഴടങ്ങിയാളെ വിശദമായി ചോദ്യം ചെയ്യുന്നു’ -എഡിജിപി
കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത്കുമാര്‍ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 45ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെതുടര്‍ന്ന് പൊള്ളലേറ്റാണ് സ്ത്രീ മരിച്ചത്.
നിലവില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളാണ് കീഴടങ്ങിയതെന്ന് എഡിജിപി അജിത്ത്കുമാര്‍ പറഞ്ഞു. സ്ഫോടനം നടത്തിയതിന് താനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. യഹോവ സാക്ഷി സഭയുടെ അംഗമെന്നാണ് അയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുകയാണ്. അവകാശവാദത്തെക്കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷമെ മറ്റുകാര്യങ്ങള്‍ പറയാനാകുവെന്നും അജിത്ത്കുമാര്‍ പറഞ്ഞു. ഇത്തരം സ്ഫോടനങ്ങളുണ്ടാകുമ്പോള്‍ എല്ലാ അന്വേഷണ ഏജന്‍സികളും വരുമെന്നും കേരള പൊലീസിന് അതിന്‍റെതായ അന്വേഷണ രീതിയും സംവിധാനങ്ങളും ഉണ്ടെന്നും അതുപ്രകാരം തുടര്‍ അന്വേഷണം നടക്കുമെന്നും എഡിജിപി പറഞ്ഞു.