കേരളം
ജെഡിഎസ് വീണ്ടും പിളർപ്പിലേക്ക്; വിമത നീക്കവുമായി നീല ലോഹിതദാസൻ നാടാരും
ദേവഗൗഡ എൻ ഡി എക്കൊപ്പം ചേർന്നതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ ജെ ഡി എസ് വീണ്ടും പിളർപ്പിലേക്ക്. സി കെ നാണുവിന് പിറകേ എ നീല ലോഹിതദാസൻ നാടാരും വിമത നീക്കവുമായി രംഗത്തെത്തി.
നീലലോഹിതദാസൻ നാടാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഇന്ന് കൊച്ചിയിൽ യോഗം ചേരും. ദേവഗൗഡ ബി ജെ പിക്കൊപ്പം പോയതിനാൽ പുതിയ പാർട്ടി രൂപീകരിക്കണമെന്നാണ് നീലലോഹിതദാസൻ നാടാരുടെ ആവശ്യം.
ദേശീയ നേതൃത്വവുമായി ബന്ധം വിഛേദിച്ച് തത്കാലം ജെ ഡി എസിൽ തന്നെ തുടർന്ന് പാർലമെന്ററി അയോഗ്യത ഒഴിവാക്കുക എന്ന നിലപാടിലാണ് മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും. ഈ നിലപാടിനോട് എതിർത്താണ് പുതിയ നീക്കം.
2006ലും ജെ.ഡി.എസ് സംസ്ഥാന ഘടകത്തെ വെട്ടിലാക്കി കർണാടകയിൽ ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും നേതൃത്വത്തിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ എം.പി. വീരേന്ദ്രകുമാർ അദ്ധ്യക്ഷനായ സംസ്ഥാന ഘടകം അന്ന് പ്രത്യേക നിലപാടെടുത്തു.
പിന്നീട് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കോഴിക്കോട് സീറ്റ് ഇടതുമുന്നണി നിഷേധിച്ചതിനെ ചൊല്ലിയുണ്ടായ പ്രശ്നത്തിൽ വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടു. മാത്യു.ടി.തോമസ് അന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞെങ്കിലും അതിനകം ദേവഗൗഡയുടെ പാർട്ടി വീണ്ടും ബി.ജെ.പി ബന്ധം വിച്ഛേദിച്ചതിനാൽ ജെ.ഡി.എസായിത്തന്നെ മാത്യു.ടി.തോമസും കൂട്ടരും ഇടതുമുന്നണിയിൽ തുടർന്നു.