കേരളം
ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ
വെള്ളിത്തിരയെ അഭിനയമികവിന്റെ പ്രഭാപൂരംകൊണ്ട് തേജോമയമാക്കിയ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. പാതി നിർത്തിയ വിഷാദഗാനം പോലെ, എല്ലാ വേഷവും അഴിച്ചുവച്ച്, തലസ്ഥാനത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ.
കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി പേയാടുള്ള വീട്ടിൽ കുടുംബത്തോടൊപ്പമാണ് പിറന്നാളാഘോഷം. ഈ വർഷം ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തും.
ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ മകൻ രാജ് കുമാർ ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം വീണ്ടും വെള്ളിത്തിരയിലെത്തുക. ജഗതിയുടെ ആരോഗ്യസ്ഥിതിക്കു യോജിച്ച രീതിയിലുള്ള കഥാപാത്രമാണ് നൽകുക. മറ്റു ചില ചിത്രങ്ങളിലെ വേഷങ്ങളും തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ജഗതി ശ്രീകുമാർ എന്റർടെയ്‌ൻമെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
ഹാസ്യനടനെന്ന ലേബൽ മറികടന്ന് അതുല്യ നടനായി മാറിയ അദ്ദേഹം മലയാളത്തിനുപുറത്ത് ഒരേയൊരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. ടി വി ചന്ദ്രൻ സംവിധാനം ചെയ്‌ത ‘ആടും കൂത്ത്’എന്ന തമിഴ് ചിത്രത്തിൽ.
2012 മാർച്ച് 10ന് ദേശീയപാതയിൽ മലപ്പുറം തേഞ്ഞിപ്പലത്തിനടുത്തുള്ള പാണാമ്പ്രവളവിലുണ്ടായ വാഹനാപകടത്തിലെ പരിക്കാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് തടസ്സമായത്. വർഷങ്ങൾനീണ്ട ചികിത്സയ്‌ക്കുശേഷവും പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.
എന്നും ചിരിക്കാൻ കഴിയുന്ന ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ജഗതിയുടേതായിട്ടുണ്ട്.
അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ ആ കൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു, ‘ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?
(ചിത്രം ബോയിംഗ് ബോയിംഗ്)