രാജ്യാന്തരം
വിലക്ക് നീങ്ങുന്നു; സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങും
സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീങ്ങുന്നു. മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് ആകും വിലക്ക് നീങ്ങുക. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൗദി പൗരന്മാരെ രാജ്യത്തു നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലായിരിക്കും.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങും. എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാല്‍ കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും സൗദി എയര്‍ലൈന്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.
കൊവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാനിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കര, കടല്‍, വ്യോമ മാര്‍ഗമുള്ള മുഴുവന്‍ ഗതാഗതത്തിനുമുള്ള നിരോധനം മാര്‍ച്ച് 31ന് പൂര്‍ണമായും നീക്കുമെന്നും അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പുനഃസ്ഥാപിക്കുമെന്നുമാണ് സൗദി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വിസുള്‍പ്പെടെയുള്ള മുഴുവന്‍ ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.