രാജ്യാന്തരം
സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാനൊരുങ്ങി ഇന്ത്യ
സൗദി അറേബ്യയില്‍നിന്ന് എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാനൊരുങ്ങി ഇന്ത്യ. ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഒഴിവാക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഓപെക് രാജ്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യയുടെ ആവശ്യത്തെ സൗദി എതിര്‍ത്തിരുന്നു.
മെയ് പകുതിയോടെ സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനാണ് ഓയില്‍ കമ്പനികള്‍ ആലോചിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ധനത്തിനായി പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, എച്ച്പി പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികള്‍ 10.8 ദശലക്ഷം ബാരല്‍ ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിദിനം 50 ലക്ഷം ബാരല്‍ സംസ്‌കരിക്കാനുള്ള ശേഷിയാണ് ഇന്ത്യയിലെ റിഫൈനറികള്‍ക്കുള്ളത്. സൗദിയില്‍ നിന്ന് പ്രതിമാസം 14.7-14.8 ദശലക്ഷം ബാരലുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 80 ശതമാനമാണ് ഇന്ത്യയുടെ ഇറക്കുമതി. ഇറാഖ്, യുഎസ്, നൈജീരിയ, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യ സൗദിയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ചെറിയ രീതിയില്‍ കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തായിരുന്ന സൗദി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. നിലവില്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. യുഎസ്സാണ് രണ്ടാം സ്ഥാനത്ത്. 2006 ജനുവരിക്ക് ശേഷം സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇത്രയും കുറയുന്നത് ഇതാദ്യമായിട്ടാണ്.