രാജ്യാന്തരം
നിലപാട് ആവർത്തിച്ച് ഇന്ത്യ
ഇസ്രായേല്‍-ഫലസ്തീന്‍ തര്‍ക്കത്തില്‍ ദ്വിരാഷ്ട്രമെന്ന ദീര്‍ഘകാല നിലപാടില്‍ തന്നെ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. റഫയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടുക്കുരുതി ഹൃദയഭേദകമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലന്‍ഡും നോര്‍വേയും സ്‌പെയിനും ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, 1980-കളുടെ അവസാനത്തില്‍ പലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇസ്രയേലിനോട് ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുന്ന, അംഗീകൃതവും പരസ്പര സമ്മതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാര- സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ ഞങ്ങള്‍ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ട്’, രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
റാഫയിലെ അഭയാര്‍ഥിക്കൂടാരങ്ങള്‍ക്കുമേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആളപായമുണ്ടായ സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള സംഘര്‍ഷത്തില്‍ സാധാരണ ജനതയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും ഞങ്ങള്‍ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണ റഫയില്‍ അഭയാര്‍ഥികളുടെ തമ്പില്‍ ഇസ്രായേല്‍ ബോംബിട്ടതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. തമ്പിലുണ്ടായ ആക്രമണം ദുരന്തപൂര്‍ണമായ പിഴവാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തന്നെ സമ്മതിച്ചിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുമ്പോഴും റഫ ആക്രമണവുമായി ഇസ്രായേല്‍ മുന്നോട്ടുപോകുകയാണ്.