Covid 19
കൊവിഡ്;രാജ്യത്ത് ഗുരുതര സാഹചര്യം;പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിനടുത്ത്
രാജ്യത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിലേക്ക്. ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം മൂന്നരലക്ഷത്തിനടുത്താണ്. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന രോഗബാധയാണ് ഇത്. 2,19,838 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,38,67,997 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
29,01,412 പേരാണ് ഇന്നലെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. ഇതോടെ ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 13,83,79,832 ആയി. ഇന്നലെ 17,53,569 സാമ്പിളുകളാണ് പരിശോധിച്ചത്.
ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തകരെയും സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ കേന്ദ്രം നിർദ്ദേശിച്ചു.