കേരളം
വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിക്കാൻ ഇൻ കാർ ഡൈനിങ് സംസ്ഥാനത്ത്; ഉദ്ഘാടനം നാളെ
വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകാനുള്ള കെടിഡിസിയുടെ ‘ഇൻ കാർ ഡൈനിങ്’ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ജൂലൈ ഒന്നു മുതൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക.
കോവിഡ് വ്യാപന സാഹചര്യത്തിൽ സുരക്ഷിതമായി വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതാണ് പദ്ധതി. ഹോട്ടലുകളിൽ കയറാതെ വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് സൗകര്യമൊരുക്കുക. വാഹന പാർക്കിങ് സൗകര്യമുള്ള ഭക്ഷണശാലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ ഹോട്ടലുകളിൽ എത്തുന്നവർക്ക് വാഹനങ്ങളിൽ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാം.
ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രത്യേക ടേബിളിൽ കെടിഡിസി ജീവനക്കാർ വാഹനങ്ങളിൽ എത്തിക്കും. വിവിധ വാഹനങ്ങൾക്ക് അനുയോജ്യമായ തരത്തിലെ ടേബിളുകളാണ് ഇതിനായി എത്തിക്കുക. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഇൻ കാർ ഡൈനിങ് സേവനം ലഭ്യമാകും.
ഇതിന് പ്രത്യേക ചാർജ് ഉണ്ടായിരിക്കുന്നതല്ല. പദ്ധതി വിജയമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. അതിനാൽ പദ്ധതി വിജയിക്കുമെന്നാണ് കെടിഡിസിയുടെ പ്രതീക്ഷ.