ആരോഗ്യം
മഴക്കാലത്ത് വസ്ത്രങ്ങള്‍ക്ക് ദുർഗന്ധം വരാതിരിക്കാന്‍
മഴക്കാലമായിക്കഴിഞ്ഞാല്‍ വസ്ത്രങ്ങളൊന്നും അത്രപെട്ടെന്ന് ഉണങ്ങി കിട്ടുകയില്ല. പലപ്പോഴും ഫാനിന്റെ ചുവട്ടില്‍ ഇട്ട് ഉണക്കി എടുക്കുകയാണ് പലരും ചെയ്യുന്നത്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ഉണക്കിയെടുത്താല്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് വസ്ത്രങ്ങളില്‍ നിന്നും ഉണ്ടാകുന്ന ഒരു മണം. ചിലപ്പോള്‍ പെര്‍ഫ്യൂം അടിച്ചാല്‍ പോലും ഈ മണം മാറ്റി എടുക്കാന്‍ സാധിച്ചെന്ന് വരികയില്ല. ഇത്തരത്തില്‍ വസ്ത്രങ്ങളില്‍ പൊട്ട മണം വരാതിരിക്കാന്‍ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
മുഷിഞ്ഞ വസ്ത്രങ്ങള്‍ അതുപോലെ തന്നെ, പുറത്ത് പോയി നനഞ്ഞ് വന്ന് കഴിഞ്ഞാല്‍ മാറിയിടുന്ന വസ്ത്രങ്ങള്‍ എന്നിവയെല്ലാം അപ്പോള്‍ തന്നെ അലക്കി ഇടുന്നത് നല്ലതായിരിക്കും. ഇല്ലെങ്കല്‍ ഇവ വസ്ത്രങ്ങള്‍ക്ക് ഒരു പൊട്ട മണം നല്‍കാന്‍ കാരണമാകുന്നുണ്ട്.
ഒരു വട്ടം ഇട്ട വസ്ത്രങ്ങള്‍ അലക്കാന്‍ എടുക്കണം എന്നില്ല. എന്നാല്‍, രണ്ട് മൂന്ന് വട്ടം ഇട്ട വസ്ത്രങ്ങള്‍ പരമാവധി ചുളിച്ച് കൂട്ടി വീട്ടില്‍ തന്നെ വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ, നല്ലപോലെ വായുസഞ്ചാരമുള്ള ഒരു ഭാഗത്ത് ഇത് വിരിച്ചിട്ട് ഇതിലെ വിയര്‍പ്പും വെള്ളത്തിന്റെ അംശവും നീക്കം ചെയ്തതിന് ശേഷം മാത്രം അലക്കാനോ അല്ലെങ്കില്‍ അലമാരയില്‍ മടക്കി വെക്കാനോ തുനിയുക.
അലക്കിയിട്ട വസ്ത്രങ്ങളില്‍ നിന്നും നന്നായി വെള്ളം പിഴിഞ്ഞ് കളഞ്ഞ് കുടഞ്ഞതിന് ശേഷം നന്നായി വായുസഞ്ചാരമുള്ള ഒരു ഭാഗത്ത് വിരിച്ചിടാന്‍ പ്രത്യേകേം ശ്രദ്ധിക്കുക. ഇത് വസ്ത്രങ്ങള്‍ ഉണങ്ങി കിട്ടാന്‍ സഹായിക്കും. അതുപോലെ തന്നെ വസ്ത്രങ്ങള്‍ക്ക് പൊട്ട മണം വരാതചിരിക്കാനും ഇത് സഹായിക്കും.
അതുപോലെ തന്നെ വസ്ത്രങ്ങള്‍ അമിതമായി കൂടുതല്‍ എടുത്ത് അലക്കുന്നതും നല്ലതല്ല. ഇത് വസ്ത്രങ്ങള്‍ കൃത്യമായി ഉണക്കാന്‍ സ്ഥലം കിട്ടാതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസരത്തില്‍ പലരും ഒരു വസ്ത്രത്തിന്റെ മുകളില്‍ തന്നെ മറ്റൊന്ന് ഇടുന്നത് കാണാം. ഇതും വസ്ത്രങ്ങള്‍ വേഗത്തില്‍ നശിക്കുന്നതിന് കാരണമാണ്.
നല്ലൊരു ഫാബ്രിക് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് സത്യത്തില്‍ വസ്ത്രങ്ങളിലെ ദുര്‍ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇതിനായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള സുഗന്ധത്തില്‍ ലഭിക്കുന്ന ഫാബ്രിക് കണ്ടീഷ്ണറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ഇത്തരം ഫാബ്രിക് കണ്ടീഷ്ണര്‍ ഉപയോഗിക്കുമ്പോള്‍ വസ്ത്രങ്ങള്‍ക്ക് നല്ല ഫ്രഷ് സ്‌മെല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. നിങ്ങളുടെ പക്കല്‍ ഫാബ്രിക് കണ്ടീഷ്ണര്‍ ഇല്ലെങ്കില്‍ നല്ല സോപ്പും പൊടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ അലക്കി എടുത്താലും മതിയാകും. അതുമല്ലെങ്കില്‍ ഡിറ്റര്‍ജന്റില്‍ കുറച്ച് വിനാഗിരി ചേര്‍ത്ത് നിക്‌സ് ചെയ്ത് ഇതില്‍ വസ്ത്രങ്ങള്‍ 30 മിനിറ്റ് മുക്കി വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് വസ്ത്രങ്ങളില്‍ നിന്നും ബാക്ടീരിയ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.
വസ്ത്രങ്ങളില്‍ പൊട്ട മണം വരാതിരിക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം കുറച്ച് നേരമെങ്കിലും സൂര്യപ്രകാശം കൊള്ളിച്ച് വസ്ത്രങ്ങള്‍ എടുത്ത് വെക്കുക എന്നതാണ്. മഴക്കാലത്ത് ഇടയ്‌ക്കെങ്കിലും കുറച്ച് നേരം ചിലപ്പോള്‍ സൂര്യപ്രകാശം കിട്ടിയെന്ന് വരാം. ഇത്തരത്തില്‍ ചൂട് കിട്ടുന്ന അവസരത്തില്‍ പരമാവധി വസ്ത്രങ്ങള്‍ ഉണക്കിയെടുത്താല്‍ വസ്ത്രങ്ങള്‍ നല്ലതുപോലെ ഒട്ടും പൊട്ട മണമില്ലാതെ സൂക്ഷിച്ച് എടുത്ത് വെക്കാവുന്നതാണ്.