ആരോഗ്യം
ഇവ ശ്രദ്ധിച്ചാല്‍ ആഹാരം കഴിച്ച് കഴിഞ്ഞാല്‍ അസിഡിറ്റി വരില്ല
പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. ഇത്തരത്തില്‍ ഗ്യാസ് നിറഞ്ഞാല്‍ വയര്‍ ആകപ്പാടെ കൂടെ ചീര്‍ത്ത് വരികയും അതുപോലെ തന്നെ മൊത്തത്തില്‍ ഒരു അസ്വസ്ഥതയുമായിരിക്കും പലര്‍ക്കും അനുഭവപ്പെടുക. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാനും, അതുപോലെ തന്നെ ഗ്യാസ് നിറയാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ചിലര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആഹാരങ്ങള്‍ കഴിക്കുമ്പോഴായിരിക്കും അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാവുക. പ്രത്യേകിച്ച് ഗ്യാസ് അമിതമായി നിറയുകയും ആഹാരം ദഹിക്കാത്ത പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇവര്‍ പ്രധാനമായും നേരിട്ടെന്ന് വരാം. എന്നാല്‍, അതുപോലെ തന്നെ ചിലര്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടായിരിക്കും. ഇത്തരം പ്രശ്‌നമുള്ളവര്‍ പാലും അതുപോലെ തന്നെ പാല്‍ ഉല്‍പന്നങ്ങളും കഴിക്കുന്നത് കുറയക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ, അമിതമായി എരിവ് ഉള്ള ആഹാരങ്ങള്‍, കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതും വയറ്റില്‍ അമിതമായി ഗ്യാസ് നിറയുന്ന പ്രശ്‌നം ഒഴിവാക്കാന്‍ നിങ്ങളെ ഇത് കാര്യമായി സഹായിക്കുന്നതാണ്. അതിനാല്‍, ഏത് ആഹാരം കഴിച്ചാല്‍ വയറ്റില്‍ ഗ്യാസ് നിറയുന്നുവോ അതിന്റെ ഉപയോഗം കുറയ്ക്കാവുന്നതാണ്.
പലര്‍ക്കും തങ്ങള്‍ക്ക് കൊതിയാണോ അതോ വിശപ്പാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തവരുണ്ട്. ഇത്തരത്തില്‍ പ്രശ്‌നം ഉള്ളവര്‍ അമിതമായി ആഹാരം കഴിക്കും. നമ്മള്‍ പോലും ചിലപ്പോള്‍ നല്ല സ്വാദുള്ള കറികള്‍ കിട്ടിയാല്‍ ആഹാരം നല്ലപോലെ അമിതമായി കഴിച്ച് പോയെന്ന് വരും. എന്നാല്‍, ഇത്തരത്തില്‍ അമിതമായി കഴിക്കുന്നത് സത്യത്തില്‍ വയറ്റില്‍ ഗ്യാസ് നിറയ്ക്കുന്നതിന് കാരണമാണ്. അതിനാല്‍, എല്ലായ്‌പ്പോഴും വയര്‍ അറിഞ്ഞ് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. വയറ്റില്‍ ഒരു കാല്‍ഭാഗം ഒഴിച്ചിട്ട് വേണം ആഹാരം കഴിക്കാന്‍. അതുപോലെ തന്നെ വെള്ളവും കുടിക്കുന്നത് നല്ലതാണ്.
പലര്‍ക്കും ആഹാരം കഴിച്ചതിന് ശേഷം അല്ലെങ്കില്‍ ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ നല്ലപോലെ ചായ കുടിക്കുന്ന ശീലം കണ്ടുവരുന്നുണ്ട്. സത്യത്തില്‍ ഇത്തരം ശീലം വയറ്റില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. ഇത് നമ്മള്‍ കഴിച്ച ആഹാരങ്ങള്‍ ദഹിക്കാതെ കിടക്കുന്നതിലേയ്കകും വയര്‍ ചീര്‍ക്കുക, വയറ്റില്‍ വേദന തുടങ്ങിയ അസ്വസ്ഥതകളിലേയ്ക്കും നയിക്കും. അതിനാല്‍, ആഹാരത്തിന്റെ കൂടെ, അല്ലെങ്കില്‍ ആഹാരത്തിന് ശേഷം ഉടനടി ചായ കുടിക്കുന്നത് പരമാവധി ഒഴിവാക്കാം.
പലരും ഉച്ചയ്ക്ക് നല്ലപോലെ ആഹാരം കഴിച്ചതിന് ശേഷം ഒന്ന് മയങ്ങാന്‍ കിടക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നമ്മള്‍ കഴിച്ച ആഹാരം കൃത്യമായി ദഹിക്കാതെ കിടക്കുകയും ഇത് വയര്‍ ചീര്‍ക്കുന്നതിലേയ്ക്കും അതുപോലെ തന്നെ വയറ്റില്‍ ഗ്യാസ് വന്ന് നിറയുന്നതിലേയ്ക്കും നയിക്കുന്നുണ്ട്.
അതിനാല്‍, ആഹാരം കഴിച്ച ഉടനെ ഒരിക്കലും കിടക്കരുത്. ഒരു 1 മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് കിടക്കാവുന്നതാണ്. ഇത് ഉച്ചയ്ക്ക മാത്രമല്ല, ചിലര്‍ രാത്രിയില്‍ ആഹാരം കഴിച്ച ഉടനെ കിടക്കുന്നത് കാണാം. ഇത്തരത്തില്‍ കിടക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ മൂലം കൃത്യമായി ഉറക്കം പോലും ലഭിക്കാതിരിക്കുന്നതിന് കാരണമായേക്കാം. അതിനാല്‍, കഴിച്ച ആഹാരം ദഹിക്കാന്‍ കുറച്ച് സമയം കൊടുക്കാം.
നമ്മളുടെ നാട്ടില്‍ പൊതുവില്‍ ആഹാരം കഴിച്ചതിന് ശേഷമാണ് പലരും പഴങ്ങള്‍ കഴിക്കുക. അതില്‍ തന്നെ പലരും ഓറഞ്ച്, അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ്, മുന്തിരി എന്നിവ കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് കാണാം. എന്നാല്‍, ആഹാരം കഴിച്ച് കഴിഞ്ഞ് ഉടനെ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്.
നമ്മള്‍ക്കറിയാം, സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. വെറും വയറ്റില്‍ സിട്രസ് പഴങ്ങള്‍ കഴിക്കരുത് എന്നും നമ്മള്‍ക്കറിയാം. അതുപോലെ തന്നെയാണ് ആഹാരത്തിന്റെ കൂടെ,അല്ലെങ്കില്‍ ആഹാരത്തിന് ശേഷവും സിട്രസ് പഴങ്ങള്‍ കഴിക്കരുത്. പ്രത്യേകിച്ച് അസിഡിറ്റി ഉള്ളവര്‍.
വയറ്റില്‍ ഗ്യാസ് നിറയാതിരിക്കാനും അതുപോലെ തന്നെ ഗ്യാസ് പോകാനും നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം നന്നായി കുടിച്ചാല്‍ മാത്രമാണ് ദഹനം കൃത്യമായി നടക്കുക. ഇത്തരത്തില്‍ ദഹനം കൃത്യമായാല്‍ മാത്രമാണ്, വയര്‍ ചീര്‍ക്കല്‍, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും ഇത് സഹായിക്കുക. അതിനാല്‍ നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്.