കേരളം
ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും; വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ
ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുന്നത് ആലോചനയില്‍. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.നാളെ വൈകീട്ടോ, ഞായറാഴ്ച രാവിലെയോ അണക്കെട്ട് തുറക്കാനാണ് നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ 2398.32 അടിയായാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ജില്ലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.05 അടിയായി ഉയര്‍ന്നു.ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിന് തുല്യമായി കുറച്ചിരുന്നു.
ഇന്നലെ കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേര്‍പകുതിയാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടുക്കിയില്‍ നാളെയും ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കൂടാതെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ആറു ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.