Citizen Special
നയവും മയവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ
കഴിഞ്ഞ കുറച്ച് ദിസങ്ങളായി നാം കേൾക്കുന്ന വാർത്തകളിൽ അധികവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും പൊലിയുന്ന പെൺ ജീവിതങ്ങളെ കുറിച്ചുമാണ്. സ്ത്രീധന പീഡനത്തിന്റെ പേരിൽ തൂങ്ങിയും തീ കൊളുത്തിയും മരിച്ച പെൺകുട്ടികളുടെ വാർത്തകൾ വന്നതിന് പിന്നാലെ പ്രതിഷേധവുമായി സോഷ്യൽ മീഡിയയും നിറഞ്ഞു. എന്നാൽ പ്രതികരിക്കേണ്ടവർ അപ്പോഴും ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇനി ഇത്തരമൊരു ദുർഗതി ഒരു പെണ്ണിനും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുമ്പോഴും മരിച്ചാൽ മാത്രം നീതി പ്രസംഗം നടത്തുന്ന ഒരു സമൂഹമായി അധഃപതിക്കുകയാണ് നമ്മൾ എന്ന് പറയാതെ വയ്യ. അതിന്റെ ഉദാഹരമാണ് എം.സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാടുകൾ. പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് നിരവധി പേരാണ് ജോസഫൈനെതിരെ രംഗത്ത് എത്തുന്നത്. സ്ത്രീ സുരക്ഷയ്ക്ക് മുന്നിൽ നിൽക്കുന്ന സംസ്ഥാനത്ത് വനിതാ കമ്മീഷന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഒരാളാണ് ഇത്തരം വാക്കുകൾ പറഞ്ഞത് എന്ന് ഓർക്കണം.
വിസ്മയുടെ മരണത്തിന് ശേഷം സംസ്ഥാനത്ത് ഉടനീളമായി സ്ത്രീധനത്തിന്റെ പേരിലും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഒരുപാട് പരാതികളാണ് ഉയർന്ന് വന്നു കൊണ്ടിരിക്കുന്നത്. അതിനായി മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമ സ്ഥാപനങ്ങൾ അദാലത്ത് പോലെ പരാതി അറിയിക്കാനുള്ള ലൈവ് പ്രോഗ്രാം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിൽ ലൈവിലൂടെ പരാതി അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിരുന്നു. പരാതി കേൾക്കുന്നത് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനായിരുന്നു. എന്നാൽ പരാതി പറയാൻ യുവതിയോട് ക്ഷുഭിതയായി ലൈവിൽ സംസാരിക്കുന്ന വനിതാ കമ്മീഷൻ ചെയർപേഴ്സണിന്റെ വാക്കുകൾക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ രോക്ഷം ഉയർന്നിരിക്കുകയാണ്.ഗാർഹിക പീഡനത്തിനെതിരെ ഭർത്താവിനും ഭർതൃമാതാവിനെതിരെ പരാതി അറിയിക്കാൻ വിളിച്ച് എറാണകുളം സ്വദേശിനോട് ദേഷ്യപ്പെടുന്ന എം.സി ജോസഫൈന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
വനിതകളുടെ പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട എം.സി ജോസഫൈന്‍ പ്രകോപനപരമായും അനുകമ്പയില്ലാതെയും സംസാരിക്കുന്നത് ഇതാദ്യമായല്ല. 2017ല്‍ കേരള വനിതാ കമ്മീഷൻ ചെയര്‍പേഴ്സൺ ആയത് മുതല്‍ അവര്‍ പലപ്പോഴായി വിവാദത്തില്‍പ്പെട്ടിരുന്നു. ജോസഫൈന്‍റെ പാര്‍ട്ടി സി.പി.എമ്മിന്‍റെ നേതാവ് പി.കെ ശശി എം.എല്‍.എയ്ക്ക് എതിരെ പാര്‍ട്ടി യുവജന സംഘടന ഡി.വൈ.എഫ്‍.ഐയിലെ വനിതാ പ്രവര്‍ത്തക നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ വിചിത്രമായിരുന്നു എം.സി ജോസഫൈന്‍റെ പ്രതികരണം.“പാര്‍ട്ടി തന്നെയാണ് പോലീസും കോടതിയും“, ജോസഫൈന്‍ 2020ല്‍ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയില്‍ ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടും കേരള വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തില്ല. പരാതിക്കാരിക്ക് വിശ്വാസമുള്ളത് കൊണ്ടാണ് പാര്‍ട്ടിയെ സമീപിച്ചതെന്നായിരുന്നു ജോസഫൈന്‍റെ വാദം.
2021 ജനുവരിയില്‍ പരാതിക്കാരോട് മോശമായ ഭാഷയില്‍ ജോസഫൈന്‍ സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നു. 89 വയസ്സുകാരിയെ വീട് കയറി ആക്രമിച്ചെന്ന പരാതിയില്‍ ആണ് രൂക്ഷമായ ഭാഷയില്‍ അവര്‍ സംസാരിച്ചത്.അമ്പത് കിലോമീറ്റര്‍ ദൂരെ പരാതി കേള്‍ക്കാന്‍ എത്താന്‍ പരാതിക്കാരിക്ക് പറ്റില്ലെന്ന അഭ്യര്‍ഥനയോട്, “89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു” എന്നായിരുന്നു വനിത കമ്മീഷന്‍റെ ചോദ്യം
2019ല്‍ യു.ഡി.എഫ് നേതാവ് രമ്യ ഹരിദാസിന് എതിരെ സി.പി.എം നേതാവ് എ. വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ജോസഫൈന്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയപ്രേരിതമാണ് ചോദ്യങ്ങള്‍ എന്നായിരുന്നു അവരുടെ ആരോപണം. 2020 ഡിസംബറില്‍ തിരുവനന്തപുരം വര്‍ക്കലയില്‍ പ്രായമായ അമ്മയെ മര്‍ദ്ദിച്ച മകന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയും ജോസഫൈന്‍ അപക്വമായ പ്രതികരണം നടത്തിയിരുന്നു. മാതൃഭൂമി വാര്‍ത്താ ചാനലിലായിരുന്നു ജോസഫൈന്‍റെ പ്രകടനം.2017ല്‍ മുൻ പൂഞ്ഞാര്‍ എം.എല്‍.എ, പി.സി ജോര്‍ജിന് എതിരെ കേസ് എടുത്തതിന് പിന്നാലെ വധഭീഷണിയും തപാലില്‍ മനുഷ്യ വിസര്‍ജ്യവും തനിക്ക് അയച്ചുകിട്ടിയിരുന്നതായി എം.സി ജോസഫൈന്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ എൻ.ഡി.ടി.വിയോട് പറഞ്ഞിരുന്നു.
ജോസഫൈന്റെ ഇത്തരം സമീപനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.വനിത കമ്മീഷന്‍ വലിയൊരു പദവിയാണ്. ആളുകള്‍ക്ക് ആശ്വാസമാകുന്ന, വനിതകളെ പിന്തുണയ്ക്കേണ്ട, എംപതിയുള്ള ആളാണ് വേണ്ടത്. സുഗതകുമാരി ടീച്ചറെ പോലെയുള്ളവര്‍ വഹിച്ച പദവിയാണല്ലോ, ജോസഫൈന്‍ ഇങ്ങനെ പെരുമാറുന്നത് ആളുകളെ ബാധിക്കും. പ്രയാസം അനുഭവിക്കുന്ന ആളുകള്‍ക്ക് ഇവരെ വിളിക്കാന്‍ തോന്നില്ല എന്നാണ് ഉയരുന്ന ആരോപണം. “ഹലോ മാഡം, വനിതാകമ്മിഷൻ എന്നത് നിങ്ങളുടെ കുടുംബസ്വത്തല്ല, ദുരിതവും കഷ്ടതയും അനുഭവിക്കുന്ന പെണ്ണുങ്ങൾക്ക് ആശ്വാസമാകാൻ ആകണം വനിതാ കമ്മീഷൻ അല്ലാതെ നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അടിമകളാണെന്ന് കരുതരുത്.രാജി വച്ചു ഇറങ്ങി പോകാൻ നോക്കണം മാഡം” തുടങ്ങിയ വിമർശങ്ങളും ജോസഫൈനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.