രാജ്യാന്തരം
സൂയസ് കനാലില്‍ വന്‍ ട്രാഫിക് ബ്ലോക്ക്; കപ്പല്‍ ഗതാഗതം ദിവസങ്ങളോളം തടസ്സപ്പെട്ടു
ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പല്‍ ചാനലാണ് സൂയസ് കനാല്‍. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. ഓരോ ദിവസവും നൂറുകണക്കിന് കപ്പലുകളാണ് ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്. അവിടെയാണ് ഇന്നലെ മുതല്‍ കപ്പല്‍ ഗതാഗത തടസ്സമുണ്ടായിരിക്കുന്നത്.
നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ‘എവര്‍ ഗിവണ്‍’ എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്വാന് കമ്ബനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്റെ ചുമതലയിലുള്ളത്.