കേരളം
ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കുകയാണ്. ആദ്യ ഘട്ടം വോട്ടെടുപ്പ് ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും അവസാനഘട്ടം ഡിസംബർ 14നും ആണ്. ഡിസംബർ 16ന് ആണ് വോട്ടെണ്ണൽ. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണു നടക്കുന്നത്.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പ് നപടിക്രമം:
വോട്ട് ചെയ്യുന്നതിനായി പോളിങ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റു വിവരങ്ങളും ഒന്നാം പോളിങ് ഓഫിസർ പരിശോധിക്കും. തുടർന്നു രണ്ടാം പോളിങ് ഓഫിസർ വോട്ടറുടെ കൈവിരലിൽ മഴി അടയാളം പതിപ്പിക്കുകയും ബന്ധപ്പെട്ട രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്യും. അവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള ഒരു സ്ലിപ്പ് സമ്മതിദായകനു നൽകും.
ഈ സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ പക്കലേക്കു നീങ്ങേണ്ടതും സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്യണം. തുടർന്ന് പോളിങ് ഓഫിസർ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിങ്ങിനു സജ്ജമാക്കും.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ചെയ്യാനുള്ളവയാണ് ഇവ. ഓരോ ബാലറ്റ് യൂണിറ്റിന്റെയും മുകളിൽ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നിൽക്കുന്നതു കാണാം. ഇത് വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് യൂണിറ്റ് സജ്ജമാണെന്നു കാണിക്കുന്നതാണ്.
ഓരോ സമ്മതിദായകനും ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിൽ ഓരോ വോട്ട് എന്ന രീതിയിൽ ആകെ മൂന്നു വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റിൽ വെള്ള നിറത്തിലുള്ള ലേബൽ ആയിരിക്കും പതിച്ചിരിക്കുന്നത്. സമ്മതിദായകൻ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നത് ഏതു സ്ഥാനാർഥിക്കാണോ ആ സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടണിൽ വിരൽ അമർത്തണം. അതോടെ ബീപ് ശബ്ദം കേൾക്കുകയും സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കു ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. ശബ്ദം കേൾക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താൽ സമ്മതിദായകന്റെ വോട്ട് രേഖപ്പെടുത്തിയതായി മനസിലാക്കാവുന്നതാണ്.
ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുന്നത്. മൂന്നു ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തുമ്പോൾ നീണ്ട ബീപ് ശബ്ദം കേൾക്കുകയും വോട്ടിങ് പ്രക്രിയ പൂർത്തിയാകുകയും ചെയ്യും.
ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെങ്കിൽ താത്പര്യമുള്ള തദ്ദേശ സ്ഥാപന തലത്തിന്റെ മെഷീനിൽ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിന്റെ അവസാനത്തെ ബട്ടണായ എൻഡ് (END) ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കേണ്ടതാണ്. എൻഡ് ബട്ടൺ അമർത്തുമ്പോഴും വോട്ടിങ് പൂർത്തിയായി എന്നുള്ള നീണ്ട ബീപ് ശബ്ദം കേൾക്കും. മൂന്നു തലത്തിലേയും വോട്ട് രേഖപ്പെടുത്തുന്നവർ എൻഡ് ബട്ടൺ അമർത്തേണ്ടതില്ല.
Read also: ഫൈസർ കൊവിഡ് വാക്സിൻ ഇന്ത്യയിൽ പരീക്ഷണം നടത്തില്ല
കോർപ്പറേഷനിലും നഗരസഭകളിലും വോട്ടെടുപ്പ് നപടിക്രമം:
ത്രിതല പഞ്ചായത്തുകളിലേതിനു സമാനമാണ് കോർപ്പറേഷനിലും നഗരസഭകളിലും വോട്ടെടുപ്പിന്റെ നടപടിക്രമകൾ. ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ എന്നു മാത്രം.
രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ നൽകുന്ന സ്ലിപ്പുമായി കൺട്രോൾ യൂണിറ്റിന്റെ ചുമതലുള്ള പോളിങ് ഓഫിസറെ സമീപിച്ച് സ്ലിപ്പ് അദ്ദേഹത്തിനു നൽകിയ ശേഷം വോട്ട് ചെയ്യാൻ കമ്പാർട്ട്‌മെന്റിലേക്കു നീങ്ങാം. വോട്ടർക്കു താത്പര്യമുള്ള സ്ഥാനാർഥിയുടെ ചിഹ്നത്തിനു നേർക്കുള്ള ബട്ടൺ അമർത്തിക്കഴിയുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നു. അതോടെ സ്ഥാനാർഥിയുടെ പേരിനു നേർക്കുള്ള ചുവപ്പ് ലൈറ്റ് പ്രകാശിക്കുകയും ഒരു നീണ്ട ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.