കേരളം
പൊലീസുകാരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പൊലീസുകാരെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി.
ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഒരു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തി സംഘര്‍ഷത്തിലാക്കുന്നുവെന്നും എസ്ഐ പരാതിയില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുയരുന്നുണ്ട്. എസ്ഐ മുതല്‍ ഡിഐജി വരെ റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെ യുവതി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
പല ഉദ്യോഗസ്ഥർക്കും ലക്ഷങ്ങളും പതിനായിരങ്ങളും ഈ കെണിയിൽ നഷ്ടമായി. എന്നാൽ കുടുംബജീവിതം തകരുമെന്ന ഭയം കാരണം ആരും പരാതിപ്പെട്ടാൻ തയ്യാറായില്ല. സമൂഹമാധ്യമങ്ങൾ വഴി പൊലീസുകാരുമായി ചങ്ങാത്തം സ്ഥാപിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്യുന്നതാണ് ഈ ഹണിട്രാപ്പ് രീതി.