കേരളം
യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമോ; വിമര്‍ശനവുമായി കോടതി; മാപ്പപേക്ഷിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ
ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
അതിനിടെ തന്റെ പെരുമാറ്റം കൊണ്ട് മാനഹാനിയും ബുദ്ധിമുട്ടും ഉണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി. മാപ്പപേക്ഷയെ സ്വാഗതം ചെയ്ത കോടതി, മാപ്പപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കുട്ടിയും കുടുംബവുമാണെന്നും വ്യക്തമാക്കി.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിയെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിച്ച് കൊണ്ടുള്ള പരാമര്‍ശങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്.
കാക്കി കാക്കിയെ രക്ഷിക്കാന്‍ വ്യഗ്രത കാണിക്കുന്നതാണ് പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശി കൊണ്ടുള്ള റിപ്പോര്‍ട്ടെന്ന് കോടതി വിമര്‍ശിച്ചു. കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം?, യൂണിഫോമിട്ടാല്‍ എന്തും ചെയ്യാം എന്നാണോ? ആള്‍ക്കൂട്ടത്തെ കണ്ടപ്പോഴാണ് കുട്ടി കരഞ്ഞത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കണ്ടാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് വ്യക്തമാകും.
എന്തുകൊണ്ട് കുട്ടിയുടെ വിഷയത്തില്‍ ബാലാവകാശ നിയമം പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എന്നും കോടതി ചോദിച്ചു. കുട്ടിക്ക് ഉണ്ടായ മാനഹാനി പരിഹരിക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതി ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.അതിനിടെയാണ് തന്റെ പെരുമാറ്റം കൊണ്ട് മാനഹാനിയും ബുദ്ധിമുട്ടും ഉണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി കാണിച്ച് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്.