കേരളം
വിദ്വേഷ മുദ്രാവാക്യം വിളി: പത്ത് വയസുകാരന്റെ അച്ഛൻ കസ്റ്റഡിയിൽ
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വീട്ടില്‍ നിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയും കുടുംബവും ഇന്നു രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടി.
ഇവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുത്ത കുട്ടിയുടെ പിതാവിനെ ആലപ്പുഴയിലെ അന്വേഷണസംഘത്തിന് കൈമാറും. അതേസമയം കുട്ടിയുടെ മുദ്രാവാക്യം വിളിയെ പിതാവ് ന്യായീകരിച്ചു. ഇത് നേരത്തെ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തിനിടെ വിളിച്ച മുദ്രാവാക്യമാണ്.
ഒരു ചെറിയ കുട്ടിയെ ഇത്രമാത്രം ഹറാസ് ചെയ്യാനായി എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?. സംഘപരിവാറിനെ മാത്രമാണ് പറഞ്ഞത്. ഇതിലെന്താണ് തെറ്റ്?. ഇതില്‍ ഒരു കഴമ്പുമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.