കേരളം
ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ഹർത്താൽ
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാനുള്ള തീരുമാനത്തിന് തടയിട്ട ഹൈക്കോടതി നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. നാളെ ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു.
മറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ, എന്നി പഞ്ചായത്തുകളിൽ ആണ് നാളെ ജനകീയ ഹർത്താൽ. അരിക്കൊമ്പനെ ഉടനെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധവുമായി നാട്ടുകാർ റോഡിൽ ഇറങ്ങി. ഇടുക്കി സിങ്ക്കണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങി. ചിന്നക്കനാൽ റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് കോടതി വിയോജിക്കുകയായിരുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച്, സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഹർത്താലിന് യൂത്ത് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി തികച്ചും പ്രതിഷേധാർഹമാണെന്നും ഇടുക്കിയിലെ ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് കോടതി മറക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹൈക്കോടതിയുടെ നടുത്തളത്തിൽ കാട്ടാന കേറി നിരങ്ങിയാൽ കോടതിയുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ ചോദ്യം. ഇടുക്കിയിലെ ജനങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സമ്മതിക്കില്ലെന്നും ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റികൂടേ എന്ന് കോടതി വീണ്ടും ചോദിച്ചു. അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൃഗസംരക്ഷണ സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.