രാജ്യാന്തരം
ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ
ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടകർ തമ്പുകളുടെ നഗരമായ മിനായിലെ തമ്പുകളിൽ എത്തിത്തുടങ്ങി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇന്ന് രാത്രി മിനായിലേക്ക് നീങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പായി ഏതാണ്ട് എല്ലാ തീർഥാടകരും മിനായിലെ തമ്പുകളിൽ എത്തിച്ചേരും. മിനായിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഹറം പള്ളിയിൽ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന ‘ഖുദൂമിന്റെ ത്വവാഫ്’ നിർവഹിക്കുന്ന തിരക്കിലാണ് തീർഥാടകർ.
ഇന്ന് ഉച്ചയ്ക്ക് ശേഷം മിനായിൽ താമസിച്ചാണ് തീർത്ഥാടകർ ഹജ്ജ് കർമത്തിന് തുടക്കം കുറിക്കുക. ചൊവ്വാഴ്ചയാണ് ഹജ്ജിൻറെ പ്രധാന കർമമായ അറഫാ സംഗമം. ഇന്ന് മിനായിൽ താമസിക്കുന്ന തീർഥാടകർ നാളെ രാവിലെ അറഫയിലേക്ക് നീങ്ങും. മീന, അറഫ, മുസ്ദലിഫ, മക്കയിലെ ഹറം പള്ളി എന്നിവിടങ്ങളിലായി കർമങ്ങൾ നിർവഹിക്കുന്ന തീർഥാടകർ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മിനായിൽ നിന്നു മടങ്ങും.
160 രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷത്തോളം തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നുണ്ട്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി മാത്രം പതിനൊന്നായിരത്തിലേറെ തീർഥാടകരാണ് ഹജ്ജിന് എത്തിയിരിക്കുന്നത്.