കേരളം
ലെ ഹയാത്തിൽ നിന്ന് ഗ്രിൽഡ് ചിക്കൻ കഴിച്ചു; കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ
കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ. ലേ ഹയാത്തിൽ നിന്ന് ഭക്ഷണം കഴിച്ച കാസർഗോഡ് സ്വദേശി നിതാന്ത് ടോമിക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഈ മാസം 18നാണ് നിതാന്ത് ഓൺലൈനായി ഓർഡർ ചെയ്തു ഗ്രിൽഡ് ചിക്കൻ കഴിച്ചത്. എറണാകുളത്ത് ഐ.ടി ജീവനക്കാരനാണ് നിതാന്ത്.
അതിനിടെ ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു.
ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാഹുൽ മരണപ്പെടുന്നത്. 24 വയസ് മാത്രമുള്ള രാഹുൽ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു രാഹുൽ. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു.
കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലെ ഈ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.