കേരളം
നയപ്രഖ്യാപനം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍; ബഹിഷ്‌കരിച്ച് പ്രതിപക്ഷം
നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അടക്കമുള്ളവ എണ്ണിപ്പറഞ്ഞ ഗവര്‍ണര്‍, പിന്നീട് നേരിട്ട് പ്രസംഗത്തിന്റെ അവസാനഭാഗത്തേക്ക് കടക്കുകയായിരുന്നു. സ്പീക്കര്‍ എംബി രാജേഷിനോട് അനുവാദം ചോദിച്ചശേഷമായിരുന്നു ഗവര്‍ണറുടെ നടപടി. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിച്ചു.
പ്രതിപക്ഷത്തിന്റെ ‘ഗോ ബാക്ക്’ വിളിക്കും ഇറങ്ങിപ്പോക്കിനുമിടയിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഗവര്‍ണര്‍ ക്ഷുഭിതനായി. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഉത്തരവാദിത്തം മറക്കരുതെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. പ്രസംഗിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഗവര്‍ണര്‍ തടയുകയും ചെയ്തു.
പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എണ്ണിപ്പറഞ്ഞപ്പോഴും, പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോഴും ഭരണപക്ഷ എംഎല്‍എമാര്‍ നിസംഗത പാലിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഗവര്‍ണര്‍ വായിച്ചപ്പോൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും മുതിര്‍ന്നില്ല.
കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യസംവിധാനങ്ങൾക്ക് കഴിഞ്ഞതായും ഗവർണർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ യാത്രാ സൗകര്യമാണ് സിൽവർലൈനിലൂടെ കേരളത്തിനു ലഭിക്കുകയെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.