കേരളം
മുഖ്യമന്ത്രി വിശദീകരിക്കാതെ ബില്ലുകളിൽ ഒപ്പുവയ്ക്കില്ല; നിലപാട് കടുപ്പിച്ച് ഗവർണർ
മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കാതെ ബില്ലുകളിലെ നിലപാടില്‍ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരല്ല മുഖ്യമന്ത്രിയാണ് വരേണ്ടത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. പക്ഷേ ധൂര്‍ത്തിന് കുറവില്ലെന്നും ഗവര്‍ണർ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ ആര്‍ക്കും സുപ്രികോടതിയെ സമീപിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വ്യക്തതയ്ക്ക് വേണ്ടിയാകാം സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഇതിനെ സ്വാഗതം ചെയ്യുന്നു. മന്ത്രിമാരല്ല മുഖ്യമന്ത്രിയാണ് ബില്ലിനെക്കുറിച്ച് തന്നോട് വിശദീകരിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. പക്ഷേ ധൂര്‍ത്തിന് കുറവില്ല. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുന്നു. പെന്‍ഷന്‍ മുടങ്ങിയില്ലേ എന്നും മോശം സാബത്തിക അവസ്ഥയാണെന്ന് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭരണഘടനാപരമായ കാര്യങ്ങള്‍ ചെയ്തിട്ടില്ല. അധിക ചെലവ് വരുന്ന കാര്യങ്ങളടങ്ങിയ മണി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണം. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.