കേരളം
ഒന്‍പത് സര്‍വകലാശാലകളിലെയും വി.സിമാര്‍ രാജിവെക്കാന്‍ നിര്‍ദേശം; അത്യപൂര്‍വ നടപടിയുമായി ഗവര്‍ണര്‍
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്ലര്‍മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാനാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന നിർദേശമാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവർണർ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാൻ ഗവർണർ നിർദേശിക്കുന്നത്.