കേരളം
സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെങ്കിൽ ഇടപെടും: ഗവർണർ
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താൻ പോകുന്നതെന്ന് ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ പഠിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.
നാളെ കേരളത്തിലേക്കു മടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കൂടുതൽ വിമർശനങ്ങളുമായി ഗവർണർ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്കും ഗവർണർ അതേ നാണയത്തിൽ തിരിച്ചടി നൽകി.
സർവകലാശാലകളിൽ ആർഎസ്എസ് നോമിനികളെയോ തന്റെ ഇഷ്ടക്കാരെയോ നിയമിച്ചെന്നു തെളിയിച്ചാൽ ഗവർണർ പദവി രാജിവയ്ക്കാമെന്നു ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അനാവശ്യമായി സർക്കാർ നടപടികളിൽ ഇടപെട്ടെങ്കിൽ മുഖ്യമന്ത്രി തെളിവുകൾ പുറത്തു വിടണം.
തെളിയിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോയെന്നും ഗവർണർ വെല്ലുവിളിച്ചു. മുഖ്യമന്ത്രി പദത്തിലിരിക്കുന്നവർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.