കേരളം
സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്ക് എതിരെ കടുത്ത നടപടി; സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്
സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾക്ക് എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ. ലോക്കപ്പ് അതിക്രമം ഉണ്ടായാൽ പിരിച്ചുവിടൽ ഉൾപ്പടെ കടുത്ത നടപടിയുണ്ടാകും. ലോക്കപ്പുകളിൽ മനുഷ്യാവകാശ ധ്വംസനം ഉണ്ടാവില്ല എന്നുറപ്പാക്കും എന്നും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വം ബോർഡുകളിൽ വരുമാന കമ്മി സർക്കാർ നികത്തും. മുന്നാക്ക സംവരണം നടപ്പാക്കുന്ന കാര്യത്തിൽ മുന്നോട്ടു തന്നെ പോകും. സംവരണ നയം ഉയർത്തിപ്പിടിക്കുമെന്നും സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
അൺഎയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ നിയമ നിർമ്മാണം നടത്തും. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. സേവന – വേതന വ്യവസ്ഥകൾ ശരിയായ രീതിയിൽ നടപ്പാക്കാൻ ഇടപെടും. ജപ്തി ഉൾപ്പടെയുള്ള നടപടികളിൽ വീടുകളിൽ നിന്ന് ഇറക്കി വിടുന്നതിന് എതിരെ നിയമ നിർമാണം കൊണ്ടുവരും. ബദൽ സംവിധാനങ്ങൾ ഇല്ലാതെ ആരെയും ഇറക്കി വിടരുത് എന്നും പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്നും സർക്കാർ പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും. മിനിമം സബ്‌സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. കെഎസ്ആർടിസി പരിഷ്കരണവുമായി മുന്നോട്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. സുശീൽ ഖന്ന റിപ്പോർട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെഎസ്ആർടിസി സമുച്ചയങ്ങൾ കെഎസ്ആർടിസി തിരിച്ചെടുക്കുന്നു. കെഎസ്ആർടിസിയുമായി ചർച്ച നടക്കുന്നു. കെഎസ്ആർടിസി മാനേജ്‌മെന്റൂം പുനസംഘടിപ്പിക്കും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോർട്ടിൽ ഉണ്ട്. മുന്നോട്ടു പോകാൻ കേന്ദ്ര നിർദേശം ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചു. ഡി. പി.ആർ റെയിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകൾക്ക് അനുമതി കിട്ടിയാൽ നടപ്പാക്കും. പുതുക്കിയ ഡി. പി ആർ തയ്യാറാക്കാൻ കൊച്ചി മെട്രോയെ ഏല്പിക്കും.
തുടങ്ങിവച്ച കിഫ്ബി പദ്ധതികൾ മുഴുവൻ 5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. കിഫ്ബിയുടെ തിരിച്ചടവ് സർക്കാർ ബാധ്യത അല്ല. വരുമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബി വഴി കൂടുതൽ പ്രോജക്ടുകൾ ഏറ്റെടുക്കുന്നത് ഗൗരവമായ വിശകലനത്തിന്റെ അഫിസ്ഥാനത്തിൽ മാത്രമേ ഉണ്ടാകൂ എന്നും സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.