കേരളം
തിരുവനന്തപുരം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍; രണ്ടുപേരെ കാണാതായി
തിരുവനന്തപുരം പാലോട് മങ്കയം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍. മൂന്നു കുടുംബങ്ങളിലായി പത്തുപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതായി സംശയം. തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്.
വയനാട് മീനങ്ങാടിയിൽ പെയ്ത കനത്ത മഴയിൽ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകർന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പത്തനംതിട്ട, എറണാകുളം, ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളിൽ മഴ കനക്കാനും സാധ്യതയുണ്ട്.