കേരളം
കേരളത്തിലെ പുതിയ ബിജെപി ആസ്ഥാനമന്ദിരത്തിന് ഇന്ന് പാലുകാച്ചല്‍ ചടങ്ങ്
തിരുവനന്തപുരത്ത് ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച കേരളത്തിലെ ബിജെപിയുടെ ആസ്ഥാന മന്ദിരം ‘മാരാര്‍ജി ഭവൻ’ ഉദ്ഘാടനത്തിന് തയ്യാര്‍. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ മന്ദിരത്തില്‍ ഇന്നാണ് പാലുകാച്ചല്‍ ചടങ്ങ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ തീയതി ലഭിച്ച ശേഷമാകും ഔദ്യോഗിക ഉദ്ഘാടനം. നേതാക്കള്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യവും തിരുവനന്തപുരത്തെ പുതിയ മന്ദിരത്തിലുണ്ട്.
അറുപതിനായിരം സ്ക്വയര്‍ ഫീറ്റിൽ അഞ്ച് നിലകളിലായാണ് ബിജെപിയുടെ സംസ്ഥാന കാര്യാലയം. ആദ്യ ഫ്ലോറിലാണ് പ്രസിഡന്റിന്റെ ഓഫീസ്. സംസ്ഥാന അധ്യക്ഷന്റെ മുറിയോട് ചേർന്ന് മറ്റൊരു മുറി കൂടിയുണ്ട്. നേരത്തെ തന്നെ ചർച്ചയായ മുറി. ഭാവി മുഖ്യമന്ത്രിക്കായി ഒരു മുറി ഇവിടെ കരുതിവെച്ചിട്ടുണ്ട്. അതായത് ഭാവിയില്‍ കേരളം ഭരിക്കുമെന്നും ഇവിടെയൊരു മുഖ്യമന്ത്രിയുണ്ടാകുമെന്നും അപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിക്ക് പാർട്ടി ഓഫീസില്‍ ഒരു മുറി വേണമെന്നും ഇപ്പോഴേ കണക്കുകൂട്ടിയാണ് ബിജെപി ഒരു മുറി മാറ്റിവെച്ചത്.
പ്രസിഡന്റിന്റെ മുറിയോട് ചേർന്നൊരു ബാൽക്കണിയുണ്ട്. നേതാക്കള്‍ക്ക് താഴെനില്ക്കുന്ന അണികളെ കൈവീശി കാണിക്കാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫ്രന്‍സിനായും പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാർക്കായി നാല് മുറികളുണ്ട് മൂന്നാം നിലയില്‍.
പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാർക്കായി കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. താമരയിലകള്‍ കൊത്തിവെച്ചിട്ടുണ്ട് കല്‍ത്തൂണുകളില്‍. ആകെ 15 കല്‍ത്തൂണുകളാണുള്ളത്. രണ്ട് ലക്ഷം ലിറ്റര്‍ കൊള്ളുന്ന മഴവെള്ള സംഭരണിയും സജ്ജീകരിച്ചിട്ടുണ്ട്. ഹരിത നിർമാണ ചട്ടം പാലിച്ച് നിർമിച്ച കെട്ടിടത്തിൽ 22 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!