കേരളം
ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍
ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇടുക്കി ജില്ലാകലക്ടര്‍ക്കാണ് ദൗത്യസംഘത്തിന്റെ മുഖ്യ ചുമതല. സിപിഎം ജില്ലാ ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ ദൗത്യ സംഘം രൂപീകരിച്ചത്. ജില്ലാ കലക്ടര്‍, ആര്‍ഡിഒ, കാര്‍ഡമം അസിസ്റ്റന്റ് കലക്ടര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയാണ് റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ പ്രതിവാര പ്രവര്‍ത്തനങ്ങള്‍ റവന്യൂ കമ്മീഷണറേറ്റ് വിലയിരുത്തും. ഇതിനായി റവന്യൂ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പ് ദൗത്യ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണം.
ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസ് സഹായങ്ങള്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും, എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.