കേരളം
മുൻ മന്ത്രി വി എസ് ശിവകുമാറിന് ഇ ഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
അനധികൃത സ്വത്തുസമ്പാദന കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ശിവകുമാറിനോടും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ എം രാജേന്ദ്രൻ, എൻ എസ് ഹരികുമാർ, ഡ്രൈവർ ഷൈജു ഹരൻ എന്നിവരോടും രേഖകളുമായി 20-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്. 2011 മുതൽ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി പറയുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷണവിധേയമാക്കിയത്.
കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസമ്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാർ നേരിട്ടിരുന്നത്.
സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.
ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോൾ മൂന്നുപേരുടെയും പേരിൽ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. രണ്ടാംപ്രതി എം രാജേന്ദ്രന്റെ ശാന്തിവിളയിലെ വീട്ടിൽനിന്ന് റെയ്ഡിൽ 72 രേഖ കണ്ടെത്തി. പതിമൂന്നിടത്ത് ഭൂമി വാങ്ങിയതിന്റെ രേഖകളും ആറു പാസ്ബുക്കും ഇതിലുണ്ട്. രാജേന്ദ്രന് വിദേശത്ത് പണം ഇടപാടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെത്തി.
ശിവകുമാറിന്റെ വീട്ടിൽനിന്ന് ഭൂമി ഇടപാട്, ബാങ്ക് രേഖകൾ എന്നിവ ഉൾപ്പെടെ 56 രേഖ ലഭിച്ചെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. മൂന്നാംപ്രതി ഷൈജു ഹരന്റെ വീട്ടിൽനിന്ന് 15 രേഖ കണ്ടെത്തി. നാലാംപ്രതി എൻ എസ് ഹരികുമാറിന്റെ മൂന്ന് വീട്ടിൽ നടത്തിയ റെയ്ഡിൽ 25 രേഖ ലഭിച്ചു. വിജിലൻസ് സ്പെഷ്യൽ സെൽ എസ്പിയായിരുന്ന വി എസ് അജിയാണ് റിപ്പോർട്ട് നൽകിയത്.